Friday, January 13, 2017

ചായങ്ങളില്ലാത്ത ചിത്രങ്ങൾ

 chayangalillaatha chithrangal by prajeeshkumar edappal
            
               കാലങ്ങളായി എന്റെ ഉള്ളിൽ കൊണ്ടുനടന്ന ഒരു മോഹമായിരുന്നു എഴുത്തുകളൊക്കെ ഒരുമിപ്പിച്ചുകൊണ്ട്  ഒരു പുസ്തകം രൂപപെടുത്തുക എന്നത് . ആ മോഹത്തിന് ഒരു അന്ത്യമുണ്ടായോ എന്നു ചോദിച്ചാൽ, ഉണ്ടായി എന്ന്  വേണം പറയാൻ. കാരണം എന്നാൽ കഴിയും വിധം ഒരു പുസ്തകം പോലെത്തന്നെ അത്രയും ശ്രദ്ധയോടെയാണ് ഈ ബ്ളോഗും രൂപകൽപ്പന ചെയ്തിരിക്കുന്നത്  . പത്തു വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിതകൾ വരെ വലിയ തിരുത്തലുകളൊന്നുമില്ലാതെ ഇതിൽ  പ്രസിദ്ധീകരിച്ചിരിക്കുന്നു.  ഓൺലൈൻ കൺവെർട്ടർ ഉപയോഗിച്ച് ടൈപ്പ്  ചെയ്തതുകൊണ്ട്  ശ്രെദ്ധയിൽപെടാത്ത തെറ്റുകൾ കണ്ടേക്കാം. മാന്യ വായനക്കാർ സഹർഷം ക്ഷമിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുമെന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം പ്രജീഷ്‌കുമാർ എടപ്പാൾ 

ഒരു സ്നേഹമഴ


കോലായിലെപ്പോഴും 
ഒരു മഴ 
തൂങ്ങി നിൽപ്പുണ്ട് .

വിതുമ്പി വിതുമ്പി 
ചുണ്ടറ്റം കടിച്ച്
നനഞ്ഞുനനഞ്
ഒരു 
സ്നേഹമഴ 

നഗ്നകവിതകൾ



മഞ്ഞും,
മഴയും,
വെയിലും,
വേനലുമെല്ലാം
കേട്ടുകേട്ട് മടുത്തു.

ഇനി,
നഗ്നകവിതകളുടെ
കാലമാണ്.

നമുക്ക്
കലഹിക്കാം,
പുലഭ്യം പറയാം,

ബന്ധങ്ങളുടെ
ചങ്ങലക്കണ്ണികളുരുക്കി
വാളുകളും, കട്ടാരകളും
പണികഴിപ്പിക്കാം

കൂട്ടത്തിൽ തനിയെ



വനാന്തരങ്ങളിൽ
പൂവിടാൻ വെമ്പുന്ന
വസന്ത മുല്ലകളെക്കുറിച്ചും,
കണ്ടുകണ്ട്
കൊതിതീരാത്ത
നീലരാവുകളെക്കുറിച്ചും
അയാൾ
ഉച്ചത്തിലുച്ചത്തിൽ
പാടിക്കൊണ്ടിരുന്നു.

കഴ്ച്ചക്കാരില്ലാതെ ,
കേൾവിക്കാരില്ലാതെ,
ഉച്ചത്തിലുച്ചത്തിൽ.

ഒരിക്കൽ


ഞാന്‍പറഞ്ഞു കേട്ടിട്ടുണ്ട് .

ശലഭംപോലെ
പരന്നുയരുന്നവരെക്കുറിച്ച്
പൂക്കളുടെ കാതില്‍
കിന്നാരം പറയുന്നവരെക്കുറിച്ച്
ചിറകില്‍ സുഖന്ധവും
അധരങ്ങളില്‍ പുഞ്ചിരിയുമായി
ആരും കാണാതെ 
കവിള്‍ നിറക്കുന്നവരെക്കുറിച്ച്.

പപ്പോഴും
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഒരിക്കലും മാഞ്ഞുപോകാത്ത വിധം
അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ്
അവര്‍ മഞ്ഞുപോകാറുള്ളത്,

ചുറ്റിലും നിറയുന്ന സൌരഭ്യങ്ങള്‍ക്കിടയില്‍ നിന്ന്
മുന്‍ധാരണ കളൊന്നുമില്ലാതെ
ആര്‍ക്കും പിടികൊടുക്കാതെ
ഒരിക്കൽ ....!

ഉത്തരത്തിലെ പല്ലി


ഉത്തരം
പല്ലിയെ നോക്കി
പല്ലിളിച്ചു കാണിച്ചു....!!!

ഉത്തരത്തിൽ
അള്ളിപ്പിടിച്ചു
പല്ലിയും!!!!

ഉത്തരത്തിന്റെ
ചിരി,
പല്ലിയുടെ
രോഷം.

പല്ലി
ഉത്തരത്തോട്..,

"എന്റെ
പിടിയോന്നു
വിട്ടാലുണ്ടല്ലോ????"

ഉത്തരം
പിന്നെയും
ചിരിച്ചുചിരിച്ച് .....!!!!

ചിത്രങ്ങള്


ചില ചിത്രങ്ങളുണ്ട് 
ജീവിതത്തില് നിന്ന് 
അടര്ന്നു പോകുന്നത്,

ഒര്മകല്ക്കും ചിന്തകള്ക്കും 
അപ്പുറത്തേക്ക് യാത്രയാവുന്നത്, 

വിശപ്പിന്റെ ഭീതിവിതച്ചു 
പൊട്ടിത്തെറിച്ചു രക്തം പുരളുന്നത്. 

ഒരു കവിതയുടെ മാറ്റൊലിപോലെ 
ഒരു പ്രണയത്തിന്റെ സായാഹ്നം പോലെ 
അതുമല്ലെങ്കില് 
പടിയിറങ്ങി പോകുന്ന 
നേരത്ത നിലവിളിയുടെ നിസ്സഹായതപോലെ .......,

കുറച്ചു 
ചിത്രങ്ങളുണ്ട് 
ചായങ്ങളില്ലാതെ 
മനസില് മാത്രം വരച്ചു സൂക്ഷിക്കുന്നത് ........!

ബാക്കിയായത്


ബീഡിക്കറ പുരണ്ടു
വിശുദ്ധി നഷ്ടപ്പെട്ട 
രണ്ടു അധരങ്ങളുണ്ട് , 

നഗ്നതയ്ക്ക് നടുവിലേക്ക് 
വഴിതെറ്റിയോടുന്ന 
രണ്ടു മിഴികളും. 

പിന്നെ,
ഹൃദയമാണ്.............!

അത് പണ്ടെങ്ങോ
വസന്തങ്ങള്‍ക്കൊപ്പം
പടിടിറങ്ങി പോയി,
ശൂന്യതയിലെവിടെയോ
ചിതറിക്കിടക്കുന്ന പ്രണയത്തെ തിരഞ്ഞ്‌ ......!

നിനക്ക്


നിനക്കുവേണ്ടി 
പ്രണയാക്ഷരങ്ങളുടെ 
പെരുമാഴക്കാലമായ് ഞാന്‍ വരാം,

നിലാവില്‍ കുളിച്ച നഗ്നതയിലേക്ക്
അധരങ്ങള്‍ താഴ്ത്താം.......,
തരുനിരകളെ കുളിര് ചൂടിക്കാം.....,
വരാനിരിക്കുന്ന വസന്തത്തെ ക്കുറിച്ച്
ഒര്‍മാപ്പെടുത്താം ...............................!

പക്ഷേ, അപ്പോഴൊന്നും
മടങ്ങിപ്പോകരുതെന്ന് പറയരുത്,
കാരണം,
ഞാന്‍ സ്വപ്നമാണ്,
നൈമിഷീകതയുടെ കാവല്‍ക്കാരന്‍ ...................................!

ഒരു മഴകവിത


നിത്യ വിസ്മയങ്ങളി-
ലെഴുതാൻ മറന്നോരെ-
ന്നർപ്പണ  ബോധത്തിന്റെ
ശിലാ ലിഖിതം പോലെ,
നിത്യവും തൊട്ടുതൊ-
ട്ടുണർത്തീടുന്നുണ്ടിന്നും
സത്വര പ്രവാഹത്തി-
ന്നമൃതം പൊലീവർഷം.

ഇന്നലെ പെയ്തുതോർന്ന
മഴയിൽ മങ്ങിപോയ
വെള്ളിടി വെളിച്ചത്തിൻ
രണ്ടു ചീളുകൾ താഴെ,
പൊങ്ങി നില്ക്കുന്നു
രണ്ടു കൂണുകലായി മുന്നിൽ
കുഞ്ഞു ജീവികൾകല്പം
വിശ്രമം കൊള്ളാൻ മാത്രം.

ഇരുളിൻ സ്വകാര്യത
പങ്കിടാൻ തവളകൾ
പാടുന്ന പാട്ടിന്നുള്ളിൽ
ശ്രുതിയായ്  ചീവിടുകൾ
താളമായ് താളത്തിന്റെ
ലയമായ് ഇലകളിൽ
തങ്ങിനിൽപ്പുണ്ട്‌ പണ്ടേ
ശീലിച്ച മഴകൈകൾ.

ആയിരം വിരലുകൾ
ആത്മാവിൽ സ്പർശിക്കുമ്പോൾ
ആനന്ദമേകുന്നുണ്ടീ
ധ്വനികളെനിക്കിന്നും,
മിഴികൾ മാത്രം രണ്ടു
ജാലകപ്പഴുതുകൾ-
ക്കിപ്പുറമിരുന്നു കൊ-
ണ്ടവയെ വീക്ഷിക്കുന്നു 

മേഘങ്ങൾ പെയ്തിറങ്ങുകയാണ്......


വഴി തെറ്റിയ
പ്രവാഹം പോലെ
വേനലിന്റെ
സ്വകാര്യതയിലേക്ക്
മേഘങ്ങൾ
പെയ്തിറങ്ങുകയാണ്.

വരൾച്ച പാകിയ
ഉറവകൾക്കെല്ലാം
തെളിനീര്
ചുരത്താൻ,

സുഖന്ധം മറന്ന
പൂവുകൾക്ക്
തേൻ നിറയ്ക്കാൻ ,

സ്വപ്നങ്ങൾക്ക്
അവസാനമില്ലെന്ന്
സാക്ഷ്യപ്പെടുത്താൻ,

മേഘങ്ങൾ
പെയ്തിറങ്ങുകയാണ്.

മണ്ണിനും മഴക്കും
ആത്മാവിന്റെ
ഗന്ധം നിറച്ച്.

പ്രണയത്തിന്റെ നാട്യശാസത്രം


അഗ്നി പര്‍വ്വതങ്ങള്‍ക്കും

ഹിമാസാനുക്കള്‍ക്കും ഇടയിലിരുന്ന്
വെളുത്ത പല്ലി ചിലച്ചുകൊണ്ടിരുന്നു .

അപ്പോള്‍,
പ്രണയത്തിന്റെ
സൂക്ഷ്മവാഹിനിയെക്കുറിച്ച്
വിശകലനം ചെയ്യുകയായിരുന്നു ഞാന്‍.

കണ്ടു മറന്നതും
കേട്ട് മറന്നതും
ലിഖിതങ്ങളില്‍ കുറിച്ചതുമോന്നും
അപ്പോഴെനിക്ക് പൂര്‍ണത തന്നില്ല.
ആകാശവും  ഭൂമിയുമൊന്നും
തൂലികയില്‍ ഒതുങ്ങി നിന്നില്ല.

ഒടുവില്‍
"വിശുദ്ധിയുടെ വിത്തുണര്‍ത്താണ് പ്രണയം"
എന്ന തത്വസംഹിതയില്‍ എത്തിച്ചേരാന്‍
ഒരുപാട് കാത്തിരിക്കേണ്ടി വന്നു.

കോഴി കൂവി
നേരം പുലര്‍ന്നു.
എന്നിട്ടും...... അതൃപ്തമായ
മനസിന്‌ വേണ്ടി
ആ ചര്‍ച്ച
അടുത്ത രാത്രിയിലേക്ക്‌
നീക്കിവേക്കപ്പെട്ടു.

ഭാക്കികിടന്ന
വെളുത്ത പ്രതലത്തില്‍
ഒരിക്കകൂടി
അടിവരയിട്ട് എഴുതി.......!

"പ്രണയത്തിനെ നാട്യശാസത്രം"

കഥപറയുമ്പോൾ


അരയണയ്ക്ക് 
ഉപ്പുതൊട്ട് കർപ്പൂരം വരെ,
പിന്നെയും ബാക്കി 
അറവാട്ടി ചാളയും കപ്പക്കിഴങ്ങും.

പറഞ്ഞു പറഞ്ഞു 
മുന്നോട്ടു പോവുമ്പോൾ മൂളണം
മുത്തശ്ശിക്കും മുതുമുത്തശ്ശിക്കും
അപ്പുറത്തുള്ള 
കാലത്തിലേക്ക്.

ഇടയ്ക്ക് , 
അടക്കിയിടിച്ചു
വെറ്റിലയിൽ പൊതിഞ്ഞു കൊടുക്കണം.

അല്ലെങ്കിൽ 
പരിഭവമാകും, 
മുത്തശ്ശിക്കും 
പഴയ മുത്തശ്ശിക്കാലത്തിനും 

മഴക്കണ്ണി




തോളോട് തോൾചേർന്ന്
വെറുതെയിരിക്കുമ്പോഴാണ്
പലപ്പോഴും അവൾ
സങ്കടങ്ങളുടെ ഭാണ്ഡം
തുറന്ന് വെക്കാറുള്ളത്.

അത് ചിലപ്പോൾ
വഴിവിളക്കിന്റെ നാളം
അണയും വരേയ്ക്കും,

അല്ലെങ്കിൽ
അടുത്ത  പ്രഭാതത്തിന്റെ
തുടക്കം വരേയ്ക്കും നീണ്ടുപോകും.


എല്ലാം കേട്ട്കഴിയുമ്പം
കൈകളങ്ങനെ അമർത്തിപ്പിടിച്ചു
കവിളിലൊരുമ്മകൊടുക്കുമ്പൊ,
കണ്ണൊക്കെ
ആകാശം ചോര്ണമാതിരി.

ഇടക്ക് എന്തേ കരയണ്.... ന്ന്
ചോദിച്ചാ...
ഇടക്ക് പറയും
സന്തോഷം കൊണ്ടാ...ന്ന്

ന്ന്...ട്ട് ..... ചേർന്നങ്ങനെ
നെഞ്ചിലേക്ക് ....!!!!

പാളങ്ങളിൽ


പാളങ്ങളിൽ
ഓളങ്ങൾ തീർത്ത്
കുതിച്ചു പായുന്ന
തീവണ്ടി,

കുന്നുകളും,
മലകളും ,
മരങ്ങളും,
പുഴകളുമൊക്കെ
പുറകിലേയ്ക്ക്
പുറകിലേയ്ക്ക്.

കൂകിക്കൂകി
കുതിച്ചു പായുന്ന
അത്,
പാമ്പുടലിനെയോ,
കുറുനരികളെയോ
ഒക്കെ,
ഓർമ്മപ്പെടുത്തുന്നു.

സിഗ്നലുകളൊക്കെ
കണ്ടുമരവിച്ച
ഞരക്കങ്ങളുടെ
ഉൾകാഴ്ചകളിലേയ്ക്കും.

നോക്കൂ....
ഞാനും നീയുമൊക്കെ
നില്ക്കുന്ന ആllll  ഇടം,
അത് ഒന്നുതന്നെയാണ്,

പാളങ്ങൾ  തീർക്കുന്ന
അതിജീവനത്തിന്റെ
നേർത്ത സ്പന്ദനങ്ങൾ പോലെ...!!!

പെണ്ണ്


കാനന ഭംഗിയിൽ
ലയിച്ച്,
കാറ്റിനൊത്ത്  ചാഞ്ചാടി
കളകളാരവങ്ങളാൽ
ചിലമ്പണിഞ്ഞ്
ഒരു
കാനന കന്യക.

അവളുടെ
സ്വപ്നങ്ങളിൽ
പൂക്കളും, ശലഭവും
വേണുഗാനവും  മാത്രം.

പ്രണയവും, പ്രകാശവും
ആത്മഹർഷവും, വിഷാദവുമെല്ലാം
അവൾക്ക് സ്വന്തം.

അവളുടെ
ചിന്തകളിൽ നിന്ന്
ആയിരമായിരം
പൂവുകൾ
പിറവിയെടുക്കുകയും
ശലഭങ്ങൾ 
പറന്നകലുകയും
ചെയ്യുന്നു,

അവളുടെ
വിഷാദങ്ങളിൽ നിന്ന്
ആയിരമായിരം
പറവകൾ ചിറകടിക്കുകയും
രാക്കിളികൾ
വിലപിക്കുകയും ചെയ്യുന്നു

കണ്ണുകളിൽ
നുരഞ്ഞുപോങ്ങുന്ന
അഗ്നിയും, വ്യാകുലതകളും

അവൾക്ക്
പേരില്ല,
പേരുകൾക്കപ്പുറത്ത്
പ്രകൃതിയായി,
ദേവതയായി,
പേരിടാത്തതിലൊക്കെയും
സർവ്വവ്യാപിയായി .

പാളങ്ങളിൽ


പാളങ്ങളിൽ
ഓളങ്ങൾ തീർത്ത്
കുതിച്ചു പായുന്ന
തീവണ്ടി,

കുന്നുകളും,
മലകളും ,
മരങ്ങളും,
പുഴകളുമൊക്കെ
പുറകിലേയ്ക്ക്
പുറകിലേയ്ക്ക്.

കൂകിക്കൂകി
കുതിച്ചു പായുന്ന
അത്,
പാമ്പുടലിനെയോ,
കുറുനരികളെയോ
ഒക്കെ,
ഓർമ്മപ്പെടുത്തുന്നു.

സിഗ്നലുകളൊക്കെ
കണ്ടുമരവിച്ച
ഞരക്കങ്ങളുടെ
ഉൾകാഴ്ചകളിലേയ്ക്കും.

നോക്കൂ....
ഞാനും നീയുമൊക്കെ
നില്ക്കുന്ന ആllll  ഇടം,
അത് ഒന്നുതന്നെയാണ്,

പാളങ്ങൾ  തീർക്കുന്ന
അതിജീവനത്തിന്റെ
നേർത്ത സ്പന്ദനങ്ങൾ പോലെ...!!!

ആദരാന്ജലികളോടെ കേരളത്തിന്റെ കറുത്ത മുത്തിന് (കലഭാവൻ മണിയ്ക്ക്)


നീ
ഗാന്ധിയേയോ
ഗോഡ്സയെയോ
ഒർമിപ്പിക്കുന്നില്ല,

വെറുപ്പിനെയോ
വിദ്വേഷത്തിനെയോ
പങ്കുവെയ്ക്കുന്നില്ല,

എങ്കിലും,
ശൂന്യതകളിൽ
സ്നേഹനുഭൂതി സൃഷ്ടിച്ച്
നീ,
പോയകാലത്തിലേയ്ക്ക്
മധുരനാരങ്ങയെറിഞ്ഞു കൊടുക്കുന്നു,
മാറ്റങ്ങളിലേയ്ക്ക്
മൌനാനുവാദം തേടുന്നു.

ഇന്ന്
നിന്റെ വേർപാടിൽ നിന്ന്
എന്റെ കവിത,
കണ്ണീരുപൊഴിക്കുകയും
തലതല്ലിക്കരയുകയും ചെയ്യുന്നു.

ഇനിയൊരു
തിരിച്ചുവരവുണ്ടാകില്ലെന്നറിയാം
എന്നിട്ടും വെറുതെ വെറുതെ....!!!!

ആത്മഹത്യക്ക് മുമ്പ് (രമണൻ ഒരു പ്രണയ ബിംബം)


നിലച്ചു പോകുമൊ-
രാത്മഗീതത്തിന്റെ,
നിശബ്ദ രാഗമാണീ-
മൃതുവേണുവിൽ,

നിലയ്ക്കുവാനിനി
നിമിഷമാത്രകൾ
നിറഞ്ഞു നില്ക്കുന്ന
നിശബ്ദ വേളയിൽ.

വരണ്ടു പോകുന്നു-
ണ്ടിടയ്ക്കു നാവുകൾ,
വനാന്തരങ്ങളി-
ലലഞ്ഞചിന്തകൾ

വസന്ത രാത്രികൾ,
മുല്ലകൾ, തെച്ചികൾ
ഇരുട്ടിൽ മാത്രം
വിടരുന്ന ഗന്ധങ്ങൾ.

കഴിഞ്ഞതൊക്കെയും
തികച്ചുമോർമകൾ
മറന്നു വെയ്ക്കാൻ
കഴിയാത്ത ചിത്രങ്ങൾ

മരണമെന്നുള്ള
ഭ്രമവികാരത്തി-
ന്നടിമയാക്കാൻ
കൊതിക്കുന്ന ബിംബങ്ങൾ

നിലയ്ക്കുവാനിനി
നിമിഷമാത്രകൾ
നിറഞ്ഞു നില്ക്കുന്ന
നിശബ്ദ വേളയിൽ,

എനിക്ക് പാടുവാന-
ഗാധമായൊരു
പരമപാവന
ഗീതമാണീ സ്മൃതി.

കടൽ


കരളുവെന്തുകൊ-
ണ്ടുറവ പൊട്ടുന്നു,
ഉറവിലൊക്കെയും
കടൽ മണക്കുന്നു,
കടലിനാഴിയി-
ലുറഞ്ഞു പോയൊരു
പ്രപഞ്ച സ്ഫോടന-
മുണർന്നിരിക്കുന്നു.

കുളിർക്കുവാൻ നിലാ-
വൊഴുകിയെത്തിലും,
വിറക്കുന്നൂ മേനി
തളർച്ച കാഴ്ചയിൽ,
ഇടയ്ക്കുമങ്ങിയും
ഉയർന്നുതാണുമി
പ്രപഞ്ചസീമയെ
തഴുകുന്നൂ സൂര്യൻ.

തുഴഞ്ഞു ശീലിച്ച
പഴയ പങ്കായം
എടുത്തുയർത്തിനി-
ന്നപരനോടുപോൽ,
കടലു ചുംബിക്കും
മകലെ വാനവും
മലകളും നോക്കി-
യിതാണ് ജീവിതം.

എടുത്തുയർത്തിയ
പഴയ പങ്കായം
അടുത്ത മാത്രയി-
ലടുത്തു വെച്ചിട്ട്
പതിവിലെത്രയോ
മൃദുലമായിനിന്ന-
കലെ നോക്കി
സ്മിതം പൊഴിക്കുന്നു .

ധൃതിയിലെന്റെ   
കരാഗതങ്ങളിൽ
തുഴയുമെന്നടു
ത്തിത്തിരി വള്ളവും,
തിരകൾ മാടി
വിളിക്കും വിശാലമാം
കനകമുള്ളിലോളിക്കും
പ്രഭാവവും.

പതിയെ സഞ്ചരിക്കേ-
ണ്ടുന്ന പാതയിൽ
തിരകൾ താണ്ടിയകലവേ
പന്തുപോൽ,
പതിയെ മണ്ണിനെ
വേർപെടുത്തീടുന്ന
പഴയബോധം
വിളിച്ചുണർത്തീടുന്നു.

കരയകന്നു
കരയിലെ ചിത്രവും,
കടലുമാത്രം
കരാഗതങ്ങളിൽ,
കാഠിനമെങ്കിലു
മിത്രയുംശൂന്യത
കരളുപോയി
കനലിൽ ലയിക്കട്ടെ. 

പാലം


വേനലിൽ
ഉണങ്ങിവരണ്ട്‌,
വർഷത്തിൽ
നിറഞ്ഞു തുളുംബി
ഓർമകളെ
പേടിപ്പെടുത്തിയൊരു
പാലമുണ്ടായിരുന്നു
നാട്ടിൽ.

വരൾച്ചയെ
പേടിപ്പെടുത്താൻ
ഉടഞ്ഞ കാലങ്ങളും
വെള്ളത്തെ
പേടിപ്പെടുത്താൻ
ഒളിച്ചിരിക്കുന്ന
നീരാളികളും
മാത്രമുള്ള
ഒരു പാലം.

ഒരിക്കലൊരുവട്ടം
കിണറിൽ വീണുമരിച്ച
ഒരു പരദേശിയെയും,
പിന്നെ ഒരുവട്ടം
ശൈത്താൻനെ കണ്ടു പേടിച്ച
അസ്സൻ കുട്ടിയേയും
കണ്ടു.

കാറ്റ്
കറക്കിക്കൊണ്ടു പോകുന്ന
വൈക്കോൽ തുമ്പുകളും
രാവ്
ഓരിയിട്ടോടിക്കുന്ന
കുറുനരികളെയും
കണ്ടു.

ശൈത്താൻനെയും
നീരാളിപ്പടകളെയും
മാത്രം.

പാലം
ഇന്ന്,
ഒരടയാളം
മാത്രമാണ്.

സ്നേഹത്തിന്റെ,
ഭീതിയുടെ ,
പച്ചപ്പിന്റെ ,
അങ്ങനെ
പറഞ്ഞറിയിക്കാനാകാതെ
അതുവഴി
കടന്നുപോയവർക്ക്
ഓർത്തുവെയ്ക്കാനുള്ള
ഒരു
സ്നേഹോപഹാരം