Friday, January 13, 2017

ഒരു മഴകവിത


നിത്യ വിസ്മയങ്ങളി-
ലെഴുതാൻ മറന്നോരെ-
ന്നർപ്പണ  ബോധത്തിന്റെ
ശിലാ ലിഖിതം പോലെ,
നിത്യവും തൊട്ടുതൊ-
ട്ടുണർത്തീടുന്നുണ്ടിന്നും
സത്വര പ്രവാഹത്തി-
ന്നമൃതം പൊലീവർഷം.

ഇന്നലെ പെയ്തുതോർന്ന
മഴയിൽ മങ്ങിപോയ
വെള്ളിടി വെളിച്ചത്തിൻ
രണ്ടു ചീളുകൾ താഴെ,
പൊങ്ങി നില്ക്കുന്നു
രണ്ടു കൂണുകലായി മുന്നിൽ
കുഞ്ഞു ജീവികൾകല്പം
വിശ്രമം കൊള്ളാൻ മാത്രം.

ഇരുളിൻ സ്വകാര്യത
പങ്കിടാൻ തവളകൾ
പാടുന്ന പാട്ടിന്നുള്ളിൽ
ശ്രുതിയായ്  ചീവിടുകൾ
താളമായ് താളത്തിന്റെ
ലയമായ് ഇലകളിൽ
തങ്ങിനിൽപ്പുണ്ട്‌ പണ്ടേ
ശീലിച്ച മഴകൈകൾ.

ആയിരം വിരലുകൾ
ആത്മാവിൽ സ്പർശിക്കുമ്പോൾ
ആനന്ദമേകുന്നുണ്ടീ
ധ്വനികളെനിക്കിന്നും,
മിഴികൾ മാത്രം രണ്ടു
ജാലകപ്പഴുതുകൾ-
ക്കിപ്പുറമിരുന്നു കൊ-
ണ്ടവയെ വീക്ഷിക്കുന്നു 

No comments:

Post a Comment